ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പൊലീസ് പിടികൂടി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്.

കമ്പാർട്ട്മെന്റിൽ അധികം ആളുകൾ ഇല്ലായിരുന്ന സമയത്തായിരുന്നു അതിക്രമം. രാത്രി 9.30ഓടെ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ യുവതിയെ പിൻതുടരുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് റെയിൽവേ പൊലീസ് മുസ്തഫയെ പരപ്പനങ്ങാടിയിൽ വച്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു.