ഭാര്യ എത്തിയിട്ടും താഴെയിറങ്ങില്ല, കാമുകിയെ കാണണം, പത്തനംതിട്ടയില്‍ പെട്രോളുമായി വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

പത്തനംതിട്ട: പത്തനംതിട്ട പറക്കോട് വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ അഗ്നിരക്ഷാ സേന താഴെ ഇറക്കി. പത്തനംതിട്ട പറക്കോട് ആണ് സംഭവം. ഇന്നലെ രാത്രി തുടങ്ങിയ ദൗത്യം പുലർച്ചെയാണ് അവസാനിച്ചത്. യുവാവിന്‍റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതിയും തടസ്സപ്പെട്ടു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പറക്കോട് സ്വദേശി രതീഷ് കുമാർ കയ്യിൽ പെട്രോളുമായി 110 കെ വിയുടെ വൈദ്യുതി ടവറിൽ കയറിയത്. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു ഭീഷണി. അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ഫയർഫോഴ്സെത്തി മണിക്കൂറുകൾ പരിശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല.

വിവാഹിതനാണ് രതീഷ്. പൊലീസ് ഭാര്യയെയും കാമുകിയെയും സ്ഥലത്ത് എത്തിച്ചു. എന്നാൽ കാമുകി നിർബന്ധിച്ച ശേഷമാണ് രതീഷ് താഴെ ഇറങ്ങിയത്. പൊതുമുതൽ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി രതീഷിനെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.