തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ഇത് സംബന്ധിച്ച വിവരംബിന്ദുവിന്റെ കുടുംബത്തെ അറിയിച്ചതായി മന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലായിരിക്കും നവീകരണം നടത്തുക. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെതന്നെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യും – മന്ത്രി ബിന്ദു പറഞ്ഞു.
കുടുംബത്തിന്റെ തീരാവേദനയില്‍ പങ്കുചേരുന്നതായി വിശ്രുതനെ അറിയിച്ചു. മകള്‍ നവമിയുടെ ചികിത്സയും മകന്‍ നവനീതിന്റെ തുടര്‍പഠനവും ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഇത്തരത്തില്‍ വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നത് – മന്ത്രി വ്യക്തമാക്കി.























