വാഴക്കാട്(മലപ്പുറം): എടവണ്ണപ്പാറയില്‍ 17-കാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തു. മുങ്ങൽവിദഗ്ധർ ചാലിയാർ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ ചുരിദാര്‍ ടോപ്പുംഷാളും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായാണ് വസ്ത്രങ്ങളും കണ്ടെടുത്തത്. മേൽവസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

അതിനിടെ, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കരാട്ടെ പരിശീലകനായ ഊര്‍ക്കടവ് സ്വദേശി വലിയാട്ട് സിദ്ദീഖ് അലി(48)യെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.


കരാട്ടെ പരിശീലനത്തിന് പോയിരുന്ന പെണ്‍കുട്ടിയെ സിദ്ദീഖ് അലി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഏറെ മനോവിഷമത്തിലായിരുന്നുവെന്നും ഇയാള്‍ക്കെതിരേ പരാതി നല്‍കാനിരിക്കെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സിദ്ദീഖ് അലി നേരത്തെ മറ്റൊരു പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് 17-കാരിയെ ചാലിയാറില്‍ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട് ആറുമണിയോടെ വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കമിഴ്ന്നുകിടക്കുന്നനിലയിലായിരുന്നു. മൃതദേഹത്തില്‍ ധരിച്ചിരുന്ന മേല്‍വസ്ത്രവും ഉണ്ടായിരുന്നില്ല.























