മോദി സാരിയുടുത്ത് നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവിനെ സാരിയുടുപ്പിച്ച് ബിജെപി പ്രവർത്തകർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിന് തിരിച്ചടിയുമായി ബിജെപി പ്രവർത്തകര്‍. ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ പ്രകാശ് പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. ചൊവാഴ്ച മുംബൈ ഡോംബിവിലിയിലായിരുന്നു സംഭവം.

ഇതോടെ മേഖലയിൽ ബിജെപി – കോൺഗ്രസ് പ്രവർത്തക തമ്മിൽ സംഘർഷം ഉടലെടുത്തു. രാജ്യത്തെ പ്രധാനമന്ത്രിയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് 73 വയസ്സുകാരനായ പഗാരയെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചത്. ബിജെപിയുടെ കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് മോശമായി പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണെന്നും ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ പാർട്ടി കൂടുതൽ ശക്തമായ മറുപടി നൽകുമെന്നും പരബ് മുന്നറിയിപ്പ് നൽകി. എന്നാൽ, ബിജെപിയുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പരാതിയുണ്ടെങ്കിൽ പൊലീസിൽ നൽകണമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം.