എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല, പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു; മോഹൻലാൽ

കൊച്ചി: ദാദാസാഹേബ് ഫാൽക്കെ അവാർഡിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. തനിക്ക് കിട്ടിയ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വലിയ സന്തോഷം. മലയാള സിനിമയ്ക്കുള്ള അവാർഡായാണ് താനിതിനെ കരുതുന്നതെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

’48 വർഷത്തെ സിനിമാ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. ഒരുപാട് മഹാരഥന്മാർ നടന്നുപോയ വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്. മുമ്പ് അവാർഡ് ലഭിച്ചതെല്ലാം മഹാരഥന്മാർക്കാണ്. അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ വലിയ നന്ദി’, മോഹൻലാൽ പറഞ്ഞു.

‘അവാർഡ് മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷമായി എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല. അവരെ ഈ നിമിഷം ഓർക്കുന്നു. എല്ലാവരും കൂടെ ചേർന്നാണ് മോഹൻലാൽ എന്ന നടനുണ്ടായത്. അവർക്കെല്ലാം നന്ദി, ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടത്’, മോഹൻലാൽ ചോദിച്ചു.

‘ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നുള്ളതല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വലിയ സന്തോഷം. മലയാള സിനിമയ്ക്കുള്ള അവാർഡായാണ് ഞാൻ കരുതുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.