‘എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി’; കെഎസ്ആര്‍ടിസിയുടെ പരസ്യത്തില്‍ മോഹന്‍ലാല്‍

സംവിധായകൻ പ്രിയദർശൻ ഒരുക്കിയ കെഎസ്ആർടിസിയുടെ പരസ്യ ചിത്രത്തില്‍ തന്റെ ജീവിതത്തിലെ പ്രധാന ഓര്‍മ്മകള്‍ പങ്കുവച്ച് നടൻ മോഹൻലാല്‍. കെഎസ്ആർടിസി ബസിൽ കയറാൻ കൈ കാണിക്കുന്ന മോഹൻലാലിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. “തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെഎസ്ആർടിസി ബസിലേക്ക് അന്ന് വലതുകാൽ വച്ച് കയറുമ്പോൾ താൻ അറിഞ്ഞിരുന്നില്ല, ആ യാത്ര തന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്നും മോഹൻലാൽ പറയുന്നു.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അവസരം തേടി പോവുകയായിരുന്നു ഞാൻ. യാത്രകളുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസിനുള്ളിൽ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം ഞാൻ അറിയാതെ പഠിച്ച അഭിനയ കലയുടെ ആദ്യ പാഠം. ആലപ്പുഴ ബസ് ഡിപ്പോയിലിറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയും പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാൻ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാൻ അല്ലായിരുന്നു തിരിച്ചു വന്നത്. പിന്നീടുള്ള മോഹൻലാലിന്റെ ജീവിതം എന്നേക്കാൾ നിങ്ങൾക്കറിയാം. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി. ഇതുപോലെയുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു”. – മോഹൻലാൽ വിഡിയോയിൽ പറഞ്ഞു.