കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ സോഷ്യൽ മീഡിയ വൈറൽ താരം മൊണാലിസ. സിനിമാ സെറ്റിൽ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല തവണ ശരീരത്തിൽ കയറി പിടിച്ചെന്നും സത്യം മറച്ചു വെക്കാൻ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. പൊട്ടിക്കരഞ്ഞായിരുന്നു വാർത്താ സമ്മേളനത്തിൽ മൊണാലിസ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളിൽ വെച്ചും ഡെറാഡൂണിൽ വെച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ കൂട്ടിച്ചേർത്തു. മുസ്ലിം ആയതിനാൽ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭർത്താവും നടനുമായ ഫർമാൻ ഖാൻ പറഞ്ഞു. 2015ൽ എടുത്ത ആധാർകാർഡ് പുറത്തു വിട്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിച്ചിരുന്നു.


കഴിഞ്ഞ ആഴ്ചയായിരുന്നു മൊണാലിസയും ഫർമാൻ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്. വിവാഹച്ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവർ പങ്കെടുത്തിരുന്നു.























