എംഎസ്‌സി കപ്പലപകടം; 1200 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.

മുങ്ങിയ കപ്പലിൽനിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം.

എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു.

സർക്കാർ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തതിനെ തുടർന്ന് വിഴിഞ്ഞത്ത് എത്തിയ കപ്പൽ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.

മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങി അപകടമുണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ചെരിവ് നിവർത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിൽനിന്ന് വീണ കണ്ടെയ്‌നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയിൽ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. 184 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്.