തിരുവനന്തപുരം: സ്പാ കേന്ദ്രത്തിൽ പരിശോധനയുമായി തിരുവനന്തപുരം കോർപറേഷൻ. സെക്രട്ടേറിയറ്റിനു സമീപത്തെ സ്പാ കേന്ദ്രത്തിലാണ് കോർപറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്നറിഞ്ഞാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞെന്നും ഇതിനെ തുടർന്നാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്നും മേയർ വി.വി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

യുവതിക്ക് മോശം അനുഭവം ഉണ്ടായ വിവരം അറിഞ്ഞാണ് അവധി ദിനമായിട്ടും, ഞായറാഴ്ച സ്പായിൽ മേയർ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. സ്പാ കേന്ദ്രങ്ങളുടെ വിവരം ശേഖരിക്കാൻ ഇന്ന് കോർപറേഷൻ സെക്രട്ടറിയെയും വിളിച്ചുവരുത്തി നിർദേശം നൽകി. കോർപറേഷൻ ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും ഞായറാഴ്ച വൈകിട്ട് നടന്ന പരിശോധനയിൽ പങ്കെടുത്തു.


തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്പാ കേന്ദ്രങ്ങളുടേയും ലൈസൻസ് പരിശോധിക്കാൻ മേയർ വി.വി. രാജേഷ് സെക്രട്ടറിക്ക് നിർദേശം നൽകി. സ്പാകളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കും. പൊലീസിന്റെ സഹകരണത്തോടെയാവും പരിശോധനകൾ നടത്തുകയെന്നും സ്ത്രീകൾ പുരുഷൻമാരെയും തിരിച്ചും മസാജ് ചെയ്യുന്ന ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും മേയർ പറഞ്ഞു. തിരുവല്ലയിൽ സ്പായിൽ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും സംഘവും കൂട്ടബലാത്സംഗം ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിനു ശേഷമാണ് തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിലും പരിശോധന കടുപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.























