ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, സേനയ്ക്ക് സല്യൂട്ട്; പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകൾക്ക് സല്യൂട്ട് പറഞ്ഞ അദ്ദേഹം പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു.

ഏപ്രിൽ 22ന് പഹൽഗാമിൽ അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്കു മുന്നിൽവച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.
നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണത്. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലർച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ കനത്ത പ്രഹരം നടത്തി. ഇന്ത്യ ഇത്രയും വലിയ തീരുമാനമെടുക്കുെമന്ന് ഭീകരർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാനെ ആക്രമിക്കിച്ച് ഇല്ലാതാക്കിയത് അവിടുത്തെ ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു തകർത്ത് തരിപ്പണമാക്കിയത്.

പാക്കിസ്ഥാൻ ഡ്രോണുകളെ എങ്ങനെയാണ് നമ്മുടെ സൈന്യം തകർത്തത് ലോകം മുഴുവൻ കണ്ടു. പാക്കിസ്ഥാന്റെ ഹൃദയത്തിലാണ് ഇന്ത്യ പ്രഹരിച്ചത്.