കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിയിൽ തലശേരി ജില്ല സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജിയിലാണ് സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്.

സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിശദാംശങ്ങളും ശേഖരിക്കണമെന്നതുൾപ്പെടെ നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു ഹർജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

























