നിപ: കേന്ദ്ര സംഘം കേരളത്തിലെത്തും; സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: സംസ്ഥാനത്ത് നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീം സംസ്ഥാനം സന്ദർശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണൽ ഔട്ട് ബ്രേക്ക് റസ്‌പോൺസ് ടീമായിരിക്കും കേരളത്തിൽ എത്തുക. ഒപ്പം തന്നെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്‌ലൻസ് പ്രോഗ്രാമും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ കേരളത്തിന്റെ സംസ്ഥാന യൂണിറ്റുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മുൻകരുതൽ നടപടിയുടെ ഭാഗം കൂടിയായിട്ടാകും കേന്ദ്ര സംഘം കേരളത്തിലെത്തുക. അതേസമയം, പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്.