പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരേയും ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തുദിവസമായി ചികിത്സയിൽ കഴിയുന്ന നഴ്സുമാർ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. രോഗലക്ഷണങ്ങൾ കടുത്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ പകുതിയോടെ നാദിയാ ജില്ലയിലുള്ള വീട്ടിലേക്ക് പോയിവന്നതിനുപിന്നാലെയാണ് നഴ്സായ യുവതിക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്.

പിന്നാലെ സഹപ്രവർത്തകനായ പുരുഷ നഴ്സിനും രോഗലക്ഷണങ്ങൾ കണ്ടു. ഇരുവർക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതിൽ വ്യക്തതയില്ലെന്നും ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണെന്നും എൻസിഡിസി (National Centre for Disease Control)യിൽ നിന്നും അറിയിച്ചു. രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.