മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ രാജ്യം വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത്. ശമ്പളക്കാരും കർഷകരും മധ്യവർഗക്കാരും ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശമ്പളക്കാരായ നികുതിദായകർ ആദായനികുതിയിൽ വലിയ ഇളവുകളാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പുതിയ നികുതി വ്യവസ്ഥയിൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഈ വർഷം മുതൽ ആശ്വാസമുണ്ടെങ്കിലും ഇത് 15 ലക്ഷം രൂപ വരെയാക്കി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ. കിസാൻ സമ്മാൻ നിധി ആറായിരം രൂപയിൽ നിന്നും 9000 രൂപയോ 12,000 രൂപയോ ആയി വർധിപ്പിക്കണമെന്ന് കർഷകസംഘടനകൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.