നിതിൻ രാജിന്റെ മരണം; കാരണം കോളേജിലെ വിചാരണയും ലോൺ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്

കണ്ണൂർ: ആർ എൽ നിതിൻ രാജിന്റെ മരണത്തിന് കാരണം കോളേജിലെ വിചാരണയും ലോൺ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. ഈ മാസം ഒമ്പതിന് നിതിന്റെ ഫോണിലേക്ക് വന്നത് 98 സന്ദേശങ്ങൾ. ആത്മഹത്യക്ക് മുമ്പ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് ചോദ്യം ചെയ്തു. ടീച്ചർക്ക് ലോൺ ആപ്പിൽ നിന്ന് സന്ദേശം എത്തിയതും നിതിൻരാജിനെ ദുഃഖിതനാക്കി. ഇൻസ്റ്റ പേ എന്ന ആപ്പിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നിതിൻ രാജിന്റെ പ്രിയപ്പെട്ട അധ്യാപിക ലതക്ക് ആപ്പിൽ നിന്ന് സന്ദേശം എത്തിയത് ദുഃഖിതനാക്കി.

ആത്മഹത്യക്ക് മുൻപ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് ചോദ്യം ചെയ്തു. പ്രിൻസിപ്പൽ ഫോൺ പിടിച്ചു വെച്ചു. പരാതി നൽകാൻ ടീച്ചർ ഒരുങ്ങിയതോടെയാണ് ആത്മഹത്യ. ഭീഷണി മാത്രമല്ല പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നുള്ള ചോദ്യം ചെയ്യലും മനോവിഷമത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലോൺ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്‌റൂമിൽ എന്താണ് സംഭവിച്ചതെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിൻ രാജിന്റെ സഹോദരി ഭർത്താവ് അശോകൻ പറഞ്ഞു. ലോൺ ആപ്പിൽ നിതിൻ ടീച്ചറിന്റെ നമ്പർ കൊടുത്തോ എന്നറിയില്ല. സീനിയർ വിദ്യാർത്ഥികൾക്ക് മരണത്തിൽ പങ്കില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും അശോകൻ പറഞ്ഞു.

കോളജിലെ സ്റ്റാഫ് റൂമിൽ എന്തോ എന്തോ സംഭവിച്ചുവെന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചു കാണുമെന്നും അശോകൻ പറഞ്ഞു. നിതിന്റെ അമ്മയുടെയും സഹോദരിയുടെയും ഫോണിലും ലോൺ അടക്കാത്തതിനാൽ മെസേജ് വന്നിരുന്നു. ടീച്ചർക്കും അത്തരത്തിൽ മെസേജ് പോയിരിക്കാം. അത്തരത്തിൽ മെസേജ് വന്നെങ്കിൽ കുടുംബത്തെ അധികൃതർക്ക് അറിയിക്കാമായിരുന്നു – സഹോദരീ ഭർത്താവ് പറഞ്ഞു.