തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനം ഇല്ലെന്നത് ശ്രദ്ധേയമാണ്. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അർഹമായ പിന്തുണ ആഗ്രഹിക്കുന്നു എന്നു വ്യക്തമാക്കുന്നു. ഫെഡറലിസത്തിൽ ഊന്നി കേന്ദ്രസർക്കാരുമായി മികച്ച ബന്ധത്തിൽ പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഇതല്ലാതെ കേന്ദ്രത്തെ വിമർശിക്കുന്നതോ, കേന്ദ്രസർക്കാരിനെ കടന്നാക്രമിക്കുന്നതോ ആയ പരാമർശങ്ങളൊന്നും നയപ്രഖ്യാപനത്തിൽ ഇല്ല.

ജവഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സർക്കാരിനുവേണ്ടി ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ അടക്കം കേന്ദ്രസർക്കാരിനെതിരായ അതിരൂക്ഷ വിമർശനം പതിവായിരുന്നു. സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കുന്നതും, വികസനപദ്ധതികൾക്ക് പണം അനുവദിക്കാത്തതിലും ഇടതുസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് കേന്ദ്ര വിമർശനത്തിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

























