പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം

കൊച്ചി: മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പാലിയം തറവാട് പി ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും പൊതു ദർശനത്തിനു വച്ച ശേഷം മൃതദേഹം ഇന്ന് ഇരിങ്ങാലക്കുടയിലെത്തിച്ചിരുന്നു.പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. പതിനായിരങ്ങളാണ് പ്രിയ​ഗായകനെ ഒരുനോക്ക് കാണാനായി രണ്ടുദിവസമായി ഒഴുകിയെത്തിയത്. വിവിധ തുറകളിലുള്ള പ്രമുഖർ പ്രിയ​ഗായകന് അന്ത്യോപചാരമർപ്പിക്കാനെത്തി.