പാലത്തായി പോക്‌സോ കേസ്: കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

കണ്ണൂർ: പാനൂർ പാലത്തായി പോക്‌സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തൽ. ഇയാൾക്കെതിരേയുള്ള ബലാൽസംഗക്കുറ്റം തെളിഞ്ഞു. കേസിൽ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂർ സ്വദേശിയാണ് ഇയാൾ. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17 നാണ് കേസെടുത്തത്. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇൻസ്പെക്ടർ മധുസൂദനൻ നായർ കേസിൽ ഇടക്കാല കുറ്റപത്രം സമർപ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാർകോട്ടിക്സെൽ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡിവൈഎസ്പി രത്‌നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.