പാലിയേക്കരയിൽ ടോൾ കൊടുക്കേണ്ട; നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. നാലാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിർദേശം നൽകി. ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഉത്തരവിറക്കിയിരിക്കുന്നത്.

ഏതാനും കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാറും വിശദീകരിച്ചു.

എന്നാൽ, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. തുടർന്ന് ഹർജികൾ ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.