തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയശേഷം ഒളിവിൽപ്പോയി പാസ്റ്ററായി ജീവിച്ചുവന്നയാളെ 25 വർഷത്തിനുശേഷം തമിഴ്‌നാട്ടിൽനിന്ന് പോലീസ് പിടികൂടി. തിരുവനന്തപുരം നീറമൺകര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്. പല സംസ്ഥാനങ്ങളിലായി ഒളിവിൽക്കഴിഞ്ഞിരുന്ന ഇയാൾ ഒടുവിൽ മതംമാറി ചെന്നൈയിലെ അയണവാരത്ത് സാം എന്ന പേരിൽ പാസ്റ്ററായി ജീവിക്കുകയായിരുന്നു. ഇതിനിടെ രണ്ടുതവണ വിവാഹവും കഴിച്ചു.ട്യൂഷൻ അധ്യാപകനായിരുന്ന മുത്തുകുമാർ പെൺകുട്ടിയെ 2001-ലാണ് പീഡിപ്പിച്ചത്.

ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്ന കുട്ടിയെ ക്ലാസിൽനിന്നു വിളിച്ചുകൊണ്ടുപോയ പ്രതി സ്വന്തം വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്. കുട്ടിയെ സ്കൂളിൽനിന്നു കാണാതായതോടെ അധ്യാപകർ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് വിവരം പോലീസിലും അറിയിച്ചു. വീട്ടുകാർ നടത്തിയ തിരച്ചിലിൽ മുത്തുകുമാറിന്റെ വീട്ടിൽനിന്നു പെൺകുട്ടിയെ കണ്ടെത്തി. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് രക്ഷപ്പെട്ടു.മൊബൈൽഫോൺ ഉപയോഗിക്കാത്ത ഇയാളെ കേരളത്തിലും പുറത്തും പോലീസ് വർഷങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പബ്ലിക് ടെലിഫോൺ ബൂത്തുകളിൽനിന്ന് ഇയാൾ തിരുവനന്തപുരത്തുള്ള ബന്ധുക്കളെ വിളിച്ചിരുന്നു. ഈ കോളുകളും നമ്പറും കേന്ദ്രീകരിച്ച് ഏറെനാളായി പോലീസ് അന്വേഷണം തുടരുകയായിരുന്നു. അങ്ങനെയാണ് കാൽനൂറ്റാണ്ടിനുശേഷം പ്രതിയെ പിടികൂടാനായത്. ചെന്നൈയിലെ ഇയാളുടെ താമസസ്ഥലത്ത് എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കേരള പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

























