പെരിയ കേസ്; കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതിവിധിക്ക് പിന്നാലെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം.

കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്ക് മേൽ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.ഇതിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ആണ് കുടുംബത്തിന്റെ തീരുമാനം.

കേസിൽ സിപിഐഎം നേതാക്കളെ കുടുക്കിയതാണെന്ന വാദത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള കോടതി വിധിയ്ക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സിപിഐഎം നേതൃത്വം.

അഞ്ച് വർഷം തടവ് ഒരു പ്രശ്‌നമല്ലെനന്നായിരുന്നു പെരിയ കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ വിധിക്ക് പിന്നാലെ പ്രതികരിച്ചത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കെ വി കുഞ്ഞിരാമൻ പറഞ്ഞു. അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു കുഞ്ഞിരാമന്റെ പ്രതികരണം.

പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവുമാണ് വിധിച്ചത്. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും ഉദുമ മുൻ MLA കെ വി കുഞ്ഞിരാമനും ഉൾപ്പെടെയുള്ളവരാണ് കുറ്റക്കാർ.