‘വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം’; മോഹൻലാൽ ഹൈക്കോടതിയിൽ

ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച നടൻ മോഹൻലാലിന്റെ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹർജി പരിഗണിക്കുക. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനിൽ കപൂർ, അമിതാഭ് ബച്ചൻ എന്നിവർക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

പ്രധാനമായും പരസ്യങ്ങൾ, ഉൽപന്നങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹർജിക്കാരുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹർജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടേത് ആയിരുന്നു.