തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്. എലത്തൂർ എച്ച്പിസിഎ ഡിപ്പോയിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകൾ ശനിയാഴ്ച വൈകിട്ട് നാലുമുതൽ ആറുവരെ രണ്ടുമണിക്കൂർ അടച്ചിട്ടും പ്രതിഷേധിച്ചു.

പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി തർക്കം തുടർന്നുവരികയായിരുന്നു പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരിൽ 300 രൂപ ഡീലർമാർ നൽകിവരുന്നുണ്ട്. ഈ തുക വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം ഡീലർമാർ നിഷേധിച്ചു. ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയിൽവച്ച് ചർച്ച നടന്നത്. യോഗത്തിനിടെ ടാങ്കർ ഡ്രൈവർമാർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കയ്യേറ്റത്തിൽ പൊലീസിൽ പരാതി നൽകാനും തീരുമാനമായി.