കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്ത ആരേയും പാർട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ശബരിമല വിഷയം സംബന്ധിച്ച് വളരെ വിശദമായി ഞാൻ പറയുന്നത് ഔചിത്യമല്ലെന്ന് അറിയാമല്ലോ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ച് പറയുന്നത് ഭംഗിയല്ല. ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിക്കുകയാണ്. എല്ലാ കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടവും നല്ല രീതിയിൽ നടക്കുന്നുണ്ട്. ആ വഴിക്ക് നമുക്ക് അന്വേഷണത്തിൽ പൂർണ തൃപ്തിരേഖപ്പെടുത്താം – അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സിപിഐഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. ഈ കാര്യത്തിൽ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന ഒരു നടപടിയും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല എന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഗവൺമെന്റ് നിശ്ചയിച്ചതിന്റെ ഭാഗമായാണ് ജയകുമാർ മാറിയത്. റിട്ടയേഡ് ആയിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആ നിലയ്ക്ക് സർവീസിന്റെ ഭാഗമാണ് എന്ന് പറയാൻ സാധിക്കില്ല. ജയകുമാറിനെ പോലൊരാളെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനാക്കിയതിന് നല്ല പൊതുസ്വീകാര്യതയാണുണ്ടായത്. കാരണം, മുൻകാലങ്ങളിൽ പലഘട്ടങ്ങളിലായി ശബരമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പലതരത്തിലുള്ള സേവനങ്ങൾ നടത്താൻ അദ്ദേഹം തയാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അയ്യപ്പ ഭക്തരെല്ലാം നല്ല നിലയ്ക്കാണ് സ്വാഗതം ചെയ്തിട്ടുള്ളത്. പൊതുവേ എല്ലാവർക്കും സ്വീകാര്യനായിട്ടുള്ള വ്യക്തിയാണ് ജയകുമാർ. നല്ല നിലയ്ക്ക് നന്നെ അദ്ദേഹത്തിന്റെ സേവനം ശബരിമലയ്ക്ക് ഈ കാലയളവിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.























