ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പ് ഫലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.

ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതൻ വഴിയാണ് രാജ്ഭവനിൽ എത്തിച്ചത്. ഗവർണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവൽ മുഖ്യമന്ത്രിയായി തുടരും.