പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. 2024 സ്‌കൂളില്‍ നിന്ന് കേന്ദ്രങ്ങളില്‍ 3,74755 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 2,94888 പേര്‍ പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം. ഇത്തവണ 4.26 ശതമാനത്തിന്റെ കുറവുണ്ട്.

സയന്‍സ് ഗ്രൂപ്പില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 1,60696 പേരാണ്. വിജയശതമാനം 84.84, ഹ്യുമാനിറ്റിസില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 51144 പേരാണ്. വിജയശതമാനം 67.09 കോമേഴ്‌സ് ഗ്രൂപ്പ് ഉപരിപഠനത്തിന് യോഗ്യത നേടിയത് 83048, വിജയശതമാനം 76.11 ആണ്. എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 33815 ആയിരുന്നു. 5427 പേരുടെ വര്‍ധനയുണ്ട്.

തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര്‍ ഫുള്‍ മാര്‍ക്ക് നേടി.

63 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി ഇതില്‍ 7 സര്‍ക്കാര്‍ സ്‌കുളുകളുമുണ്ട്.ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. വൈകിട്ട് 4 മണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം. പരീക്ഷാ ഫലങ്ങള്‍ വൈകിട്ടു നാലു മുതല്‍ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.