പൊന്നാനി പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയനായ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ യുവതിയുടെ പരാതി. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി, സിഐ തുടങ്ങിയവർ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. തന്റെ പരാതിയിൽ തുടർനടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സംഗിൾ ബെഞ്ച് നിർദേശം നൽകി. ഇതേത്തുടർന്നാണ് പൊലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.