എന്‍ജിനും എസിയും സുരക്ഷിതം, പെട്രോള്‍ ടാങ്കില്‍ ചോര്‍ച്ചയുമില്ല, ഭർത്താവിന് 65% പൊള്ളൽ : ഗർഭിണിയുടെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിന്റെ ഉള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ കാറിനു തീപിടിച്ച് പാലേരി കല്ലിക്കണ്ടി സോനയാണ്(27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമെന്നു കരുതുന്നതിനാൽ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും സോനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

അതേസമയം, കാറിൽനിന്നെടുത്ത സാംപിളുകളുടെ ഫൊറൻസിക് ഫലം വന്നാൽ മാത്രമേ കൃത്യമായ നിഗമനം നടത്താനാകുകയുള്ളുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കി. അപകടകാരണം ഷോർട്ട് സർക്യൂട്ട് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ ബോണറ്റിലേക്കു തീപടർന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയർത്തുന്നത്. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മേൽ ഉദ്യോഗസ്ഥന്മാരുടെ ശക്തമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് സോനയുടെ ബന്ധുക്കൾ. അപകടത്തിൽ സംശയമുണ്ടെന്നും പൊലീസിലും വനിത കമ്മിഷനിലും ബന്ധുക്കൾ പരാതി നൽകാൻ ഒരുങ്ങുകയാണ്.

രജിൻ ഗൾഫിൽ ആയിരിക്കെ സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്ന് സോനയുടെ അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനിടെ രജിനെ മറ്റൊരു യുവതിയുമായി വിവാഹത്തിന് വീട്ടുകാർ പ്രേരിപ്പിച്ചു. ഇതറിഞ്ഞ സോന വടകരയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ പോയെങ്കിലും അതുകണ്ടു ചിലർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് രജിൻ സോനയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകിയത്. ഇരുവീട്ടുകാർക്കും എതിർപ്പായതിനാൽ 2023 ൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തു. വിവാഹശേഷം സോനയുടെ വീട്ടുകാർ അത്ര സഹകരണത്തിൽ ആയിരുന്നില്ല. ഗർഭിണിയായ ശേഷമാണ് വീട്ടുകാർ തമ്മിൽ വലിയ പ്രശ്നങ്ങളില്ലാതെ പോയത്. ഒരു ബന്ധുവിനോടു തനിക്ക് ഭർതൃവീട്ടിൽ വലിയ സമ്മർദം ഉണ്ടെന്നു സോന വെളിപ്പെടുത്തിയിരുന്നതായും അതിനാൽ തന്നെയാണ് ആസൂത്രിത കൊലപാതകമാണെന്നു സംശയിക്കുന്നതെന്നും സത്യൻ പറഞ്ഞു.