ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായി പതിമൂന്ന് പേര്‍ മരിച്ച അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും മോദി പറഞ്ഞു. വെടിക്കെട്ടപകടം ഹൃദയഭേദകമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.


മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. 13 പേര്‍ മരിച്ചു. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. സ്‌ഫോടനത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണ ചുമതല. തീയണയ്ക്കുന്നതിനു റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. അപകടത്തിന്റെ തീവ്രത മനസിലാക്കുന്നതിനും പരിക്കേറ്റവരോ മരിച്ചവരോ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ നിരീക്ഷണത്തിനായി പൊലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകള്‍ അയച്ചതായും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടുന്നതിനു 50 ലക്ഷം രൂപ തൃശൂര്‍ കലക്ടര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 8075011853.























