തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തില്‍ ചാടി മീൻ പിടിച്ച് രാഹുൽ ഗാന്ധി

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീൻ പിടിക്കാനിറങ്ങി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ്‌യിലെ ഒരു കുളത്തിലാണ് രാഹുൽ ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം രാഹുല്‍ ഒരു വഞ്ചിയില്‍ കുളത്തിന്റെ നടുവിലേക്ക് പോവുകയും മീൻ പിടിക്കാനായി വല എറിയുകയുമായിരുന്നു.

പതിവ് വേഷമായ വെളുത്ത ടീഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും ധരിച്ച രാഹുല്‍, സാഹ്നിക്ക് പിന്നാലെ കുളത്തിലേക്ക് ചാടി. ഇതോടെ ചുറ്റുംകൂടിയവര്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്.