വേനൽമഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ വേനൽമഴയെത്തുന്നു. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും നാലാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ മഴ മുന്നറിയിപ്പുകളില്ല.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി വരെ കടലാക്രമണക്കിനും ഉയ‍ർന്ന തിരമാലകൾ രൂപംകൊള്ളാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകളുണ്ടായേക്കും. തിരമാലകളുടെ വേഗത സെക്കൻഡിൽ 5 സെന്റിമീറ്റ‍ർ മുതൽ 20 സെന്റിമീറ്ററിനിടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കേരളത്തിന് പുറമെ തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കുമുള്ള സാധ്യത അറിയിച്ചിട്ടുണ്ട്.