വീണയുടെ കമ്പനിക്ക് എന്തിനാണ് പണം കിട്ടിയത്?‌; സിപിഎമ്മും പിണറായിയും മറുപടി പറയണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിക്ക് മുന്നിൽ വച്ച് ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ നടന്ന ആക്രമണം ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഐഎമ്മിൻ്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്.

ഹൈക്കോടതി സ്റ്റേ നീക്കിയതോടെ അന്വേഷണം വീണ്ടും തുടങ്ങിയത് സിപിഎം നേതൃത്വത്തെ ശരിക്കും ആശങ്കപ്പെടുത്തുന്നു. നിയമപാലകർക്കെതിരെ അക്രമം അഴിച്ചുവിട്ടും നാടകം കളിച്ചും യാഥാർത്ഥ്യങ്ങളെ മൂടിവയ്ക്കാനാവില്ല. അഴിമതി നടത്തിയവർ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല. അക്രമ രാഷ്ട്രീയവും നാടകങ്ങളും അവസാനിപ്പിച്ച്, വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് എന്തിനാണ് പണം ലഭിച്ചതെന്ന ചോദ്യങ്ങൾക്കാണ് സിപിഎമ്മും പിണറായി വിജയനും മറുപടി നൽകേണ്ടത്. ഒപ്പം, രാഷ്ട്രീയ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെയും വിഡി സതീന്റെയും നിലപാട് എന്താണെന്ന് അവർ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്. ഔദ്യോഗിക കൃത്യ നിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല. അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പതിവുപോലെ രാഷ്ട്രീയ ഇരട്ടയായ സിപിഐഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്.

ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് ബിജെപി ഉറപ്പാക്കും. ഇതിനുള്ള ശ്രമങ്ങളാവും നടത്തുകയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.