വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു; കുറ്റപത്രം ഉടൻ സമർപ്പിക്കും

തൃശൂർ: റാപ്പർ വേടനിൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലാണെന്ന് പരിശോധനയിൽ കണ്ടെത്തി. കൊൽക്കത്ത സുവോളജിക്കൽ ലാബിലെ പരിശോധനയിലാണ് കണ്ടെത്തൽ. റിപ്പോർട്ടുകൾ കിട്ടിയതിന് പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

മൃഗവേട്ട, അനധികൃതവസ്തു കൈവശംവെച്ചു എന്നിങ്ങനെ രണ്ടു വകുപ്പുകൾ പ്രകാരമാണ് നേരത്തേ വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വേടന്റെ ഫലാറ്റിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് പുലിപ്പല്ല് കണ്ടെത്തിയത്. ഫലാറ്റിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ കഞ്ചാവിനൊപ്പമാണ് പുലിപ്പല്ലും കിട്ടിയത്. തുടർന്ന് പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് റാപ്പറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പുലിപ്പല്ല് കൊൽക്കത്ത സുവോളജിക്കൽ ലാബിലേക്ക് അയച്ചു. ഇപ്പോഴാണ് ഇതിന്റെ ടെസ്റ്റ്ഫലം പുറത്തുവന്നത്. മൂന്ന് വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്. തനിക്ക് ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് കുമ്പിടി എന്ന ആൾ തന്നതാണ് ഈ പുലിപ്പല്ലെന്ന് വേടൻ പറഞ്ഞിരുന്നു. എന്നാൽ വേടന്റെ ഫോണും സാമൂഹ്യമാധ്യമ അക്കൗണ്ടും ഉൾപ്പെടെ പരിശോധിച്ചിട്ടും രഞ്ജിത്ത് എന്നയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.