പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ രജിസ്ട്രേഷൻ ആംരഭിച്ചതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. പങ്കെടുക്കുന്നവർ ശബരിമല പോർട്ടലിൽ ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യണമെന്നും പിഎസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പഭക്തൻമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. വിദേശത്തുനിന്ന് നാലായിരം പേർക്ക് വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയതായും ശബരിമലയിൽ നിരന്തരം വരുന്നവരെന്നത് മാത്രമായിരിക്കും ഇതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കാൻ സാധിക്കുമെന്ന് പിഎസ്് പ്രശാന്ത് പറഞ്ഞു.

സർക്കാർ അംഗീകരിച്ച ശബരിമല മാസ്റ്റർ പ്ലാൻ അവരുടെ മുന്നിൽ അവതരിപ്പിക്കും. അവരുടെ നിർദേശങ്ങളും പിന്തുണയും ഉറപ്പാക്കും. മണ്ഡല-മകരവിളിക്കിന്റെ വിളംബരം കൂടിയായി ആഗോള അയ്യപ്പസംഗമം മാറുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിയുടെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രിയാണ്. മറ്റ് രക്ഷാധികാരികൾ സ്പീക്കർ, പ്രതിപക്ഷ നേതാവ്, ദേവസ്വം വകുപ്പ് മന്ത്രി എന്നിവരായിരിക്കും. പത്തുകോടി രുപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ മുഴുവൻ പണവും സ്പോണസർഷിപ്പിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ആചാരാനുഷ്ഠാനം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. സുപ്രീം കോടതിയിൽ നിലപാട് തിരുത്തുന്ന വിഷയത്തിൽ വ്യക്തത വരുത്തുമെന്നും നിയമവിധേയമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

























