വീടിനു ചോർച്ചയെന്ന രേണുവിന്റെ ആരോപണം; വിക്ഷമിപ്പിച്ചു, ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്ന് ഗൃഹനിർമ്മാതാക്കൾ

കൊല്ലം സുധിക്കായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിർമിച്ചുകൊടുത്ത വീട് ചോരുന്നുവെന്ന രേണു സുധിയുടെ ആരോപണത്തിൽ പ്രതികരിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനൽകാൻ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്. മികച്ച കെട്ടുറപ്പിൽ പണിത വീടാണ് അതെന്നും രേണുവിന്റെ വിഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയെന്നും ഫിറോസ് പറയുന്നു. ജീവിതത്തിൽ ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും രേണു പ‌റയുന്നത് പച്ചക്കളളമാണെന്നും ഫിറോസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തി.

‘‘ഇനി എന്തായാലും ആർക്കും വീട്‌ നൽകാൻ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ല, ഒരുപാട്‌ നന്ദി രേണുവിനു ഈ ചോദ്യങ്ങൾ ചോദിപ്പിച്ചതിനും അതിനു ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ സമൂഹത്തിൽ മോശക്കാരാക്കിയതിനും. രേണു പറയുന്നത് പച്ച കള്ളമാണ്. ആ വീട് ചോരുന്നില്ലെന്ന് നൂറ് അല്ല ഇരുന്നൂറ് ശതമാനം ഉറപ്പാണ്. ഏറ്റവും നല്ല ക്വാളിറ്റിയിൽ നല്ല ഗുണ നിലവാരത്തിൽ ചെയ്തുകൊടുത്ത വീടാണത്. സുധിയുടെ രണ്ട് കുഞ്ഞുങ്ങളുടെ പേരിലാണ് ആ വീട് നിർമിച്ചത്. വീടിന്റെ ഫ്രണ്ട് എലിവേഷൻ നോക്കി കഴിഞ്ഞാൽ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെ ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ അതുവഴി വെള്ളം ചാറ്റൽ അടിച്ച് അകത്തേക്ക് കയറും. അത് ഞാൻ അംഗീകരിക്കുന്നു. അതിനെയാണ് ഇവർ മോശമായ രീതിയിൽ പറയുന്നത്. വീടിനു ഗുണനിലവാരം ഇല്ലെന്ന തരത്തലിണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. എല്ലാ വർഷവും പാവപ്പെട്ട കുടംബങ്ങൾക്ക് ഓരോ വീട് ചെയ്തുകൊടുക്കാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കൾക്ക് വേണ്ടിയും ഈ വീട് നിർമിച്ചത്. വീട് മാത്രമാണ് സാധാരണ നൽകാറുള്ളത്. എന്നാൽ ഈ വീട്ടിൽ ഫർണിച്ചറുകളും ടിവിയും വാട്ടർ ഫിൽട്ടറുമൊക്കെ നൽകാൻ സാധിച്ചു. അതിനൊക്കെ ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നും വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. അതെന്റെ ബിസിനസ്സിൽ നിന്നു കിട്ടുന്ന ലാഭമാണ് ഇവിടെ ഉപയോഗിച്ചത്.

സഹായിക്കാൻ കാശ് ഇല്ലാത്തതിനാൽ അവിടെ വന്ന് വീടിന്റെ പണി യാതൊരു കൂലിയും വാങ്ങാതെ ചെയ്തുപോയ നിരവധി ചെറുപ്പക്കാരുണ്ട്. അഞ്ചും പത്തും ദിവസം പണിയെടുത്താണ് അവർ പോയത്. അത്തരത്തിലുള്ള ആളുകൾക്കെല്ലാം വിഷമം ഉണ്ടാകുന്ന വിഡിയോ ആണ് ഇന്നലെ മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കും വലിയ വിഷമം ഉണ്ടായി. നല്ല കാര്യങ്ങൾ ചെയ്തിട്ടും ഒന്നും അല്ലാതായി പോകുന്ന അവസ്ഥയാണ്.

ഈ വീട് നിർമാണം കഴിഞ്ഞതിനു ശേഷവും അവർക്ക് ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണം എന്നു പറഞ്ഞ് വിളിച്ചിരുന്നു. വീട് നിർമാണം തന്നെ പൂർത്തിയാക്കിയത് ഫണ്ട് തികയാതെയാണ്. ഇനി വർക്ക് ഏരിയയ്ക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ, ‘‘ഞങ്ങൾ യൂട്യൂബേഴ്സിനെ വിളിച്ച്, ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാൽ നിങ്ങൾക്കാണ് അതിന്റെ നാണക്കേട്’’, എന്നായിരുന്നു ഭീഷണിയുടെ ഒരു സ്വരത്തിൽ രേണു പ്രതികരിച്ചതെന്നും ഫിറോസ് പറഞ്ഞു.

യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ ചോർച്ചയെക്കുറിച്ച് രേണു സുധി തുറന്നു പറഞ്ഞത്. ‘‘വലിയ വീട് തന്നെയാണ്, കയറി കിടക്കാലോ വാടകയൊന്നും കൊടുക്കാതെ. അവർ തന്ന വലിയ ഉപകാരം തന്നെയാണ്. പിന്നെ ഞങ്ങൾ നിൽക്കുന്നതിനാണോ എന്ന് അറിയില്ല, ആളുകളൊക്കെ എന്തൊക്കെയോ പറയുന്നു, ഞങ്ങൾ കേട്ട് കേട്ട് മടുത്തു. അതാണ് വാടക വീടിനെ കുറിച്ചൊക്കെ ആലോചിക്കുന്നത്. പിന്നെ വാടക കൊടുക്കാനുള്ള കാശൊന്നും എന്റെ കയ്യിൽ ഇല്ല.

വീടിനു ചോർച്ച ഉണ്ട്. ഞാൻ കിടക്കുന്നിടത്ത് ചോർച്ച ഇല്ല, റിതപ്പൻ കിടക്കുന്നിടത്താണ് ചോർച്ച. ഹാളിലും ലിവിങ് റൂമിലും നല്ല ചോർച്ച ഉണ്ട്. ഞാൻ ഇതിന്റെ ബിൽഡേഴ്സിനെ വിളിച്ചിട്ടില്ല. കാരണം എന്റെ കയ്യിൽ അവരുടെ കോൺടാക്ട് നമ്പർ ഒന്നും ഇല്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരെ പപ്പയാണ് കോൺടാക്ട് ചെയ്യുന്നേ. അവർ ചെയ്തത് നല്ല കാര്യം തന്നെയാണ് , നെഗറ്റീവ് പറയുകയല്ല, പക്ഷേ ചോരുന്നുണ്ട്. ചില്ലിട്ട ഭാഗമൊക്ക ചോരുന്നു രേണുവിന്റെ വാക്കുകൾ.