സൈബർ ആക്രമണം: ആത്മഹത്യ ചെയ്തെന്നു വരും, പൊട്ടിക്കരഞ്ഞ് രേണു സുധി

തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും രേണു സുധി. കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകൻ കിച്ചു സുധി പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെയാണ് രേണുവിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
സമൂഹമാധ്യമങ്ങളൊന്നും തുറക്കാൻ പോലും പറ്റുന്നില്ലെന്നും തനിക്കും കുടുംബത്തിനും നേരെ വലിയ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്നും വ്യക്തമാക്കി രേണു സുധി രംഗത്തെത്തി. കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടെന്നും താനിപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും രേണു സുധി നിറകണ്ണുകളോടെ പറഞ്ഞു.

“ഫെയ്സ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. കണ്ടൻറ് ഉണ്ടാക്കുന്നവർക്ക് രേണു സുധി എന്ന കണ്ടൻറ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാൻ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമൻറ് ബോക്സ് തുറന്നുകഴിഞ്ഞാൽ ഞാൻ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമൻറുകൾ മുഴുവൻ. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടൻറ് ആണ് രേണു സുധി.

കാശ് കിട്ടുന്നുണ്ടായിരിക്കും ഇവർക്ക് മാസം. ഈ വിഡിയോ ഞാൻ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാൻ ആളുകൾ കാണും ഇഷ്ടം പോലെ. അവൾ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവൾ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കിൽ ഇപ്പോൾ ആത്മഹത്യ ചെയ്യാം. കാരണം കേൾക്കാവുന്നതിൻറെ അപ്പുറം ഞാൻ കേട്ടു. ചില കാര്യങ്ങൾ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങൾ എന്നെ പിടിച്ചുവയ്ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോൾ ഞാൻ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല.

’’ജീവിതത്തിൽ താൻ കടന്നുപോയ കയ്പേറിയതും സങ്കടപ്പെടുത്തുന്നതുമായ അനുഭവങ്ങൾ വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു സുധി വിഡിയോ പങ്കുവച്ചിരുന്നു. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ച് വികാരാധീനനായായാണ് കിച്ചു സംസാരിച്ചത്. അച്ഛൻ മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു തുറന്നു പറയുന്നുണ്ട്. രേണു സുധി തന്നോട് സംസാരിക്കാറില്ലെന്നും അവരുടെ വീട്ടിൽ താൻ ഒറ്റയായിരുന്നുവെന്നും കിച്ചു പറയുന്നു. അച്ഛന്റെ മരണശേഷം നേരിടേണ്ടി വന്ന അനുഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് കിച്ചുവിന്റെ വിഡിയോ. ഇതിനെ തുടർന്നാണ് രേണുവിന് എതിരെ സൈബറാക്രമണം രൂക്ഷമായത്.