ശബരിമല കൊടിമര പുനർനിർമാണം; മൊഴി നൽകി സിനിമാ പ്രവർത്തകർ, മൊഴി നൽകാൻ തയ്യാറെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിൻറെ ഭാഗമായി മൊഴി നൽകി സിനിമാ പ്രവർത്തകർ. കൊടിമര നിർമാണത്തിന് സ്വർണം സംഭാവന നൽകിയതിലാണ് സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമാതാവ് സുരേഷ്‍കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയത്. അതേസമയം, സ്വർണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു. സ്വർണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തുന്നത്.

ശബരിമലയിൽ കൊടിമര പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമ്മീഷൻ എ.എസ്.പി.കുറിപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 2017ൽ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോൾ ഹൈക്കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നു കോടി രൂപ നൽകിയത്. ഇതുകൂടാതെ ഭക്തരിൽ നിന്നും സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു. സ്വർണം സ്വീകരിക്കേണ്ടിയിരുന്നത് എക്സിക്യൂട്ടീവ് ഓഫീസറാണ്. എന്നാൽ, അഭിഭാഷക കമ്മീഷനായ എഎസ് പി കുറുപ്പാണ് പലരിൽ നിന്നും സ്വർണം വാങ്ങിയത്. സംഭാവന കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്നും മറ്റ് ചിലയിടത്ത് ചിലരുട പേരുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ബിസിനസ്സുകാരും സിനിമക്കാരും ഉൾപ്പെടെ പണം നൽകിയിരുന്നു. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോൾ 27 പേരുടെ പേരുകളും എഎസ്പി കുറുപ്പ് പറഞ്ഞിരുന്നു.

9573.01 ഗ്രാം സ്വർണമാണ് മൊത്തം കിട്ടിയത്. 9340.200 സ്വർണം കൊടിമരത്തിൽ പൂശിയശേഷം ബാക്കി വന്ന സ്വർണം എന്തു ചെയ്തുവെന്ന കാര്യത്തിൽ വ്യക്തവരുത്താൻ അന്വേഷണം വേണമെന്നായിരുന്നു ദേവസ്വം വിജിലൻസ് എസ്പി സുനിലിൻറെ റിപ്പോർട്ട്. സമാന കണ്ടെത്തലുമായി എസ്ഐടിയും റിപ്പോർട്ട് നൽകി. ബാക്കി വന്ന സ്വർണം താഴികകുടത്തിൽ സ്വർണം പൂശാൻ ഉപയോഗിച്ചുവെന്നാണ് അഭിഭാഷക കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുളളത്. കൊടിമരം സ്ഥാപിക്കുന്നതിൽ മേൽമോട്ടം വഹിച്ചതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിഭാഷക കമ്മീഷനെ അഭിനന്ദിച്ചിരുന്നു. എന്നാൽ, ദേവസ്വം വിജിലൻസിൻറെ റിപ്പോർട്ടിലാണ് ഇതേ കമ്മീഷൻറേതുൾപ്പെടെയുള്ള നടപടികൾ പരിശോധിക്കാൻ ഹൈക്കോടി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന് എസ് പി മഹേഷിൻറെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ട് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും സംഘത്തിലുണ്ട്.