ശബരിമല സ്വർണക്കൊള്ള: നടൻ ജയറാം സാക്ഷിയാകും, വിവരങ്ങൾ തേടാൻ എസ്‌ഐടി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം സാക്ഷിയാകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാര പാലക ശിൽപങ്ങളുടെ പാളികൾ ഉൾപ്പെടെ വച്ച് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ ജയറമും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ജയറാമിന്റെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘം ജയറാമിന്റെ സമയം തേടിയെന്നാണ് റിപ്പോർട്ടുകൾ.

അറ്റകുറ്റപ്പണിക്ക് എന്ന പേരിൽ ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി പലയിലടങ്ങളിൽ പ്രദർശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു ചടങ്ങിൽ നടൻ ജയറാം, ഗായകൻ വീരമണി തുടങ്ങിയവർ പങ്കെടുത്തിരുന്നു. 2019 ൽ ചെന്നൈയിൽ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിവരങ്ങൾക്കായി ജയറാമിനെ സമീപിക്കുന്നത്. ശബരിമലയിൽ വച്ചുള്ള പരിചയത്തിന്റെ പുറത്താണ് ഉണ്ണികൃഷ്ണൻ പോറ്റി സംഘടിപ്പിച്ച പൂജയിലേക്ക് എത്തിച്ചത്. എന്നാൽ ഇയാൾ തന്റെ പക്കൽ നിന്നും പണം വാങ്ങിയിട്ടില്ല. സ്വർണപ്പാളിയിൽ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.