കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നില്ല.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും. ഇതിനായി എസ്ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വർണം പൂശിയ പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും.

























