പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണ പീഠം കൂടി നിർമിച്ച് നൽകിയിരുന്നതായി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ഇവ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവൻ സ്വർണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്. ആ ഘട്ടത്തിൽ തന്നെ ദ്വാരപാലക ശിൽപങ്ങൾക്ക് പീഠം കൂടി നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിർമിച്ചത്. മൂന്നുപവൻ സ്വർണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാൽ ഒരു കൂട്ടം ഭക്തരെയേൽപിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.


എന്നാൽ പീഠം ഘടിപ്പിക്കുന്ന വേളയിൽ അളവിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്‌പോൺസർ പറയുന്നത്. ശബരിമലയിസലെ സ്‌ട്രോങ് റൂമിൽ പീഠമുണ്ടോ അതല്ല നൽകിയ ഭക്തർക്ക് തന്നെ തിരികെ നൽകിയോ എന്നതിലും വ്യക്തവരേണ്ടതുണ്ട്. വിജിലൻസിന്റെ പരിശോധനയിൽ ഇതുകൂടി ഉൾപ്പെട്ടേക്കും.
പീഠം നൽകിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശിൽപ്പത്തിൽ ഘടിപ്പിക്കാൻ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്‌പോൺസർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവർഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാളികളുടെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഘട്ടത്തിൽ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാൽ അത് ഇല്ലായിരുന്നുവെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നീക്കം. വിജിലൻസിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.























