സമാന്ത വിവാഹിതയായി

സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹം സ്ഥിരീകരിച്ച് സമാന്ത. വിവാഹത്തിന്റെ ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രാജിന്റെ കൈപിടിച്ച് നടക്കുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം.

മുപ്പതോളം അതിഥികള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്. സമാന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ‘ദ് ഫാമിലി മാൻ 2’ എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.

രാജ് നിദിമോരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സമാന്ത ചേർത്ത കുറിപ്പും പിന്നീട് ചർച്ചയാകുകയും ചെയ്തു. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. പങ്കുവച്ച അവസാന ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിരുന്നു.