നിമിഷ പ്രിയയുടെ മോചനം: സ്വന്തമായി പണം വാങ്ങിയിട്ടില്ല, മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ട്; ആരോപണത്തിൽ പ്രതികരിച്ച് സാമുവൽ ജെറോം

തിരുവനന്തപുരം: യെമനിൽ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സാമുവൽ ജെറോം രം​ഗത്ത്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ സാമുവൽ ജെറോമിനെതിരെ തലാലിൻറെ സഹോദരൻ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. സാമുവൽ ജെറോം മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തിൽ ഇദ്ദേഹം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സാമുവൽ രം​ഗത്തെത്തിയത്.

സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ലെന്ന് സാമുവൽ ജെറോം പറഞ്ഞു. മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ടെന്നും ഇപ്പോൾ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവൽ ജെറോം കൂട്ടിച്ചേർത്തു. ചർച്ചകൾ നടക്കുകയാണെന്നും അഭിഭാഷകനെന്ന് താൻ അവകാശപ്പെട്ടിട്ടില്ലെന്നുമാണ് സാമുവൽ ജെറോം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തലാലിൻറെ സഹോദരൻ സാമുവൽ ജെറോമിനെതിരെ ആരോപണം ഉന്നയിച്ചത്. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമ ചെയ്താണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

സാമുവൽ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷക്ക് പ്രസിഡൻറ് അംഗീകാരം നൽകിയതിന് പിന്നാലെ താൻ അദ്ദേഹത്തെ സനായിൽ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം കേരള മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമൽ ജെറോം 20,000 ഡോളർ ശേഖരിക്കാൻ അഭ്യർത്ഥിച്ച വിവരം അറിഞ്ഞതെന്നും വർഷങ്ങളായി ഇയാൾ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരിൽ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. തങ്ങൾക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കിൽ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.