‘ശരവണനായി തമിഴ്നാട്ടിൽനിന്ന് ഒരാളും വന്നില്ല, അർജുനു കിട്ടുന്ന പിന്തുണ അവനും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നിക്കുന്നത്

അങ്കോല (കര്‍ണാടക): അങ്കോലയില്‍ മണ്ണിടിച്ചിലില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ലോറി ഡ്രൈവറായ ശരവണ(39)നും കാണാമറയത്ത്. അർജുനായി ഒരു നാടും വീടും 10 ദിവസമായി കാത്തിരിക്കുമ്പോള്‍ ശരവണനായി ഇവിടെയുള്ളത് അദ്ദേഹത്തിന്റെ അമ്മാവനായ സെന്തിൽകുമാർ മാത്രമാണ്. എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അറിയാതെ ഒരു മനുഷ്യൻ ദിവസങ്ങളായി ആ ദുരന്ത ഭൂമിയില്‍ കാത്തിരിക്കുകയാണ്.

അർജുന്റെ തിരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനുംകൂടി കിട്ടണമെന്ന ആ​ഗ്രഹമേ തനിക്കുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങ്ങളോട് പറഞ്ഞു. ‘നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ, അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ തിരച്ചിലിനായി അവർ സമ്മർദ്ദം ചെലുത്തി. പക്ഷെ, ഒരാളുപോലും ഇവിടേക്ക് എത്തിയില്ല. കർണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു. കാണാതായ ലക്ഷ്മണനും അർജുനനും ലഭിക്കുന്ന അതേ പ്രധാന്യം ശരവണനും ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നിൽക്കുന്നത്. അർജുനുമായി ബന്ധമുള്ളവരോട് അന്വേഷിച്ചാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുന്നത്.

ദുരന്തമുണ്ടായ സ്ഥലത്ത് അന്ന് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണൻ എത്തിയത്. ദാർവാഡിൽ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. രാവിലെ 7.36-ന് ശരവണൻ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞത്. ശരവണന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാർ എന്നെ അറിയിച്ചു. ലോറി ഉടമയെ ഉടൻ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു.

അപകടം നടന്ന മലയ്ക്ക് താഴെ ലോറി ഉണ്ടായിരുന്നെങ്കിലും ശരവണനെ കാണാനില്ലായിരുന്നു. ഒരു പാതി ശരീരമുള്ള മൃതദേഹം ലഭിച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ശരവണന്റെ അമ്മ പിന്നീട് ഇവിടേക്ക് വന്ന് മടങ്ങി. ശരവണന് ആറ് വയസ്സുള്ള ഒരു മകനുണ്ട്. ലോറി ഓടിച്ചാണ് കുടുംബം നോക്കുന്നത്.