‘പി കെ ശ്യാമളയെ മത്സരിപ്പിക്കരുതായിരുന്നു; പിണറായി നയിച്ചത് കനത്ത തോൽവിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പിണറായി വിജയൻ നയിച്ചതാണ് കനത്ത തോൽവിക്ക് കാരണമായതെന്നും വിമർശനം ഉയർന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും അഭിപ്രായമുണ്ടായി. പിണറായി പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും പുതുതലമുറക്ക് വഴിയൊരുക്കണമായിരുന്നുവെന്നുമാണ് സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. പിണറായി നയിച്ചതാണ് കനത്ത തോൽവിക്ക് കാരണം. മുഖ്യമന്ത്രിക്ക് എതിരായ വോട്ടെല്ലാം മേഖലയിലും ഉണ്ടായിരുന്നു. വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനെ തുടങ്ങിയ പ്രയോഗങ്ങൾ അവമതിപ്പ് ഉണ്ടാക്കി – എന്നിങ്ങനെയും വിമർശനമുയർന്നു.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിമർശനം. പയ്യന്നൂരിൽ അമിത ആത്മവിശ്വാസം ഉണ്ടായെന്നും സ്ഥാനാർഥി നിർണ്ണയശൈലിക്കെതിരെയും വിമർശനം ഉയർന്നു. പയ്യന്നൂരിൽ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും. ആന്തൂർ, മലപ്പട്ടം, മയ്യിൽ പോലുള്ള മേഖലകളിൽ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി പിണറായി തിരഞ്ഞെടുപ്പ് സമയത്ത് വീട്ടിൽ പോയി ചോദിക്ക് എന്ന് പറഞ്ഞത്. അത് കേട്ടില്ലെന്ന് വെച്ചാൽ എന്തായിരുന്നു കുഴപ്പം – എന്നിങ്ങനെയാണ് വിമർശനം. എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്.