സരിഗയെ വിളിച്ച് ക്ഷമ പറഞ്ഞു; അതൊരു തെറ്റിദ്ധാരണ: ശങ്കർ

അവാർഡ് ദാന ചടങ്ങിനിടെ മിമിക്രി താരം കലാഭവൻ സരിഗയ്ക്ക് കൈ നൽകാൻ വിസമ്മതിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി നടൻ ശങ്കർ. നടന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും സരിഗയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ശങ്കർ വ്യക്തമാക്കി. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് താരം തന്റെ ഭാഗം വ്യക്തമാക്കിയത്.

കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന ‘ദേശീയ കലാസംസ്കൃതി’യുടെ പുരസ്കാര ചടങ്ങിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സരിഗയ്ക്ക് അവാർഡ് കൈമാറുന്നതിനിടെ ശങ്കർ ഹസ്തദാനം നിരസിച്ചു എന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ശങ്കർ പറയുന്നു. സിനിമയിൽ എത്തിയിട്ട് 45 വർഷത്തോളമായെന്നും ഇതുവരെ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും താരം ഓർമിപ്പിച്ചു. സംഭവം വിവാദമായ സാഹചര്യത്തിൽ ഇന്നലെത്തന്നെ സരിഗയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

‘നമസ്കാരം, ഇന്നലെ ഉണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. രണ്ടു മൂന്നു ദിവസം മുൻപ് ചങ്ങമ്പുഴ പാർക്കിൽ ഒരു പരിപാടി നടന്നു. അവിടെ വച്ച് നടന്ന ചടങ്ങിൽ എനിക്ക് ‘‘ദ്രോണ അവാർഡ്’’ ലഭിച്ചിരുന്നു. എന്നെ കൂടാതെ നിരവധി കലാകാരന്മാർ അവിടെയുണ്ടായിരുന്നു, അവർക്കും അവാർഡുകൾ ലഭിച്ചു. അതിൽ കലാഭവൻ സരിഗക്കും ഒരു അവാർഡ് ഉണ്ടായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ അവർക്ക് കൈ കൊടുത്തില്ല എന്ന തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അതൊരു വലിയ തെറ്റിദ്ധാരണ ആണ്. വിനയൻ സാർ അവാർഡ് നൽകിയ ശേഷം സരിഗ എനിക്ക് കൈ തരാൻ തുടങ്ങിയിട്ട് എന്റെ കാല് തൊട്ട് നമസ്കരിക്കാൻ വരികയും അവർ കാല് പിടിക്കാൻ ആഞ്ഞപ്പോൾ ഞാൻ കൈകൾ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ കൈ കൊടുക്കാതിരുന്നതല്ല. ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും വരുന്നില്ല.

സിനിമയിൽ വന്നിട്ട് ഇപ്പോൾ പത്തു 45 വർഷത്തോളമായി. ഇതുവരെ ഞാൻ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, എല്ലാവരോടും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതായാലും ഇതൊരു ദൗർഭാഗ്യകരമായ പ്രചാരണമായിപ്പോയി. അതൊരു തെറ്റിദ്ധാരണയാണ്. ഇന്നലെ ഞാൻ സരിഗയെ വിളിച്ചിരുന്നു. ഞങ്ങൾ കുറച്ചുനേരം സംസാരിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഞാൻ അവരോട് സോറിയും പറഞ്ഞു. എല്ലാവർക്കും നന്ദി.’’– ശങ്കർ പറഞ്ഞു.

കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ നടൻ ശങ്കറും കലാഭവൻ സരിഗയും തമ്മിലുണ്ടായ ഒരു വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്.