തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തും ഷിഗെല്ല സ്ഥിരീകരിച്ചു. മൂന്നു കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻ തോപ്പ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളുടെയും ആരോഗ്യ നില തൃപ്തിതകരമാണെന്ന് അധികൃതർഅറിയിച്ചു.

നേരത്തെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്ന് വിവരമുണ്ട്.

എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.