കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ തേടിയല്ല ഹോട്ടലിൽ ചെന്നതെന്ന് പൊലീസ്. പോലീസിന്റെ ഡാൻസാഫ് സംഘം ഷൈനിനെ തേടിയല്ല ഹോട്ടലിൽ പോയതെന്നും മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും നാർക്കോട്ടിക്‌സ് എസിപി അബ്ദുൾ സലാം പറഞ്ഞു. ഈ സമയം ഷൈൻ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ടെന്ന് യാശ്ചികമായി അറിഞ്ഞു. അപ്പോൾ റൂം പരിശോധിച്ചു. ഷൈൻ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. റൂം പരിശോധിച്ചപ്പോൾ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്താലെ എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് വ്യക്തമാകൂ എന്നും എസിപി പറഞ്ഞു.

ഷൈനിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തുടർനടപടികൾ പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചെടുക്കും. വിൻസിയുടെ മൊഴിയെടുക്കേണ്ട കാര്യമില്ലെന്നും എസിപി കൂട്ടിച്ചേർത്തു. ഇതിനിടെ ചോദ്യം ചെയ്യലിനായി ഷൈനിന് നോട്ടീസ് അയക്കാനും കൊച്ചി പോലീസ് തീരുമാനിച്ചിട്ടുണ്ട്.


കൊച്ചി സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്നാണ് ഷൈൻ ചാടി കടന്നുകളഞ്ഞത്. നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിലെ മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ പോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ചാടുകയായിരുന്നു. ഇവിടെനിന്ന് സ്റ്റെയർകെയ്‌സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തൊപ്പിവെച്ചായിരുന്നു പുറത്തേക്ക് ഓടിയത്. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വിൽപ്പനക്കാരനായ ഒരാൾ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ബുധനാഴ്ച രാത്രി 10.40-ഓടെ പോലീസ് സംഘം ഹോട്ടലിലെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയുടെ ബെൽ അടിച്ചപ്പോൾ തുറന്നത് മേക്കപ്പ്മാനായ മുർഷിദാണ്. അനന്തകൃഷ്ണൻ എന്നൊരാളും മുറിയിലുണ്ടായിരുന്നു. ഷൈൻ ഉണ്ടായിരുന്നുവെന്ന് ഇവർ സമ്മതിച്ചു.
ഡോർ ലെൻസിലൂടെയാണ് പോലീസിന്റെ സാന്നിധ്യം ഷൈൻ മനസ്സിലാക്കിയതെന്ന് പോലീസ് പറയുന്നു.























