തന്റെ മാതാപിതാക്കളും സിനിമാതാരങ്ങളുമായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് മകളും നടിയുമായ ശ്രുതി ഹാസന്‍. കലാപരമായും സാമൂഹികപരമായും ഉയര്‍ന്നതലത്തിലുള്ള കുടുംബത്തില്‍ ജനിച്ച തന്റെ ബാല്യം ഏറെ സ്വാസ്ഥ്യമുള്ളതായിരുന്നുവെന്നും എന്നാല്‍ മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ ജീവിതമാകെ തകിടം മറിഞ്ഞതായും ശ്രുതി ഹാസന്‍ പറയുന്നു. ഒരു പ്രമുഖ ചാനലിന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കവേയാണ് താരം മനസ്സ് തുറന്നത്.

ശ്രുതിയ്ക്കും സഹോദരി അക്ഷര ഹാസനും മാതാപിതാക്കളുടെ വേര്‍പിരിയല്‍ നല്‍കിയ വേദന വലുതായിരുന്നുവെന്ന് വ്യക്തമാക്കിയ ശ്രുതി വിവാഹമോചനം ഇപ്പോള്‍ സാധാരണമായിരിക്കുന്നുവെന്നും പുറത്ത് സന്തോഷം തോന്നിപ്പിക്കുന്ന പല കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നുവെന്നും ശ്രുതി പറഞ്ഞു. കമലും സരികയും ഒരുമിച്ച് ജോലി ചെയ്യുമായിരുന്നുവെന്നും ഒന്നിച്ച് സെറ്റുകളിലേക്ക് പോകുമായിരുന്നുവെന്നും അവര്‍ ഓര്‍മ്മിച്ചു. പല തരത്തിലും തങ്ങളുടേത് ഒരു സിനിമാകുടുംബമായിരുന്നുവെന്നും ശ്രുതി പറഞ്ഞു. ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ പരിശ്രമിച്ചതായും വേര്‍പിരിഞ്ഞ് ജീവിക്കുന്നത് അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് തനിക്കും സഹോദരിക്കും നല്ലതിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


1984 ല്‍ രാജ് തിലക് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് കമല്‍ഹാസനും സരികയും പ്രണയത്തിലായത്. പിന്നീട് അവര്‍ വിവാഹിതരാകുകയും ചെയ്തു. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പരിഹരിക്കാനാകാത്ത നിലയിലേക്കെത്തുകയും ചെയ്തതോടെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.























