തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെതിരെ വിമര്‍ശനമുന്നയിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തെ നിസ്സാരവത്കരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അദ്ദേഹത്തിന്റെ ശുദ്ധമനസ്സുകൊണ്ട് പറയുന്നതാണെന്നും പണ്ടും അങ്ങനെ പറഞ്ഞ് അദ്ദേഹം കുടുങ്ങിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. 10-ാം ക്ലാസ് പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ മറുപടി.

അക്കാര്യത്തില്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തിലുള്ള മറുപടി നേരത്തെതന്നെ താന്‍ പറഞ്ഞിരുന്നതാണ്. സജി ചെറിയാന്‍ പറഞ്ഞത് സത്യമല്ല. ശുദ്ധ മനസ്സുകൊണ്ടാണ് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. സജി ചെറിയാന്‍ തെറ്റ് പറ്റിയാല്‍ തിരുത്തുന്നയാളാണ്. പറഞ്ഞതിന്റെ പേരില്‍ കുറെ ത്യാഗം അനുഭവിച്ചിട്ടുമുണ്ട്. തിരുത്താന്‍ സമയം കൊടുക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു.


പക്ഷെ, വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചിട്ടും സജി ചെറിയാന്‍ തെറ്റ് തിരുത്തിയിട്ടില്ലെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇപ്പോള്‍ പനിയാണെന്നും അതുകാരണം നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു. തന്നെപ്പേടിച്ച് പനിപിടിച്ചതാണെന്നാണ് പലരും പറഞ്ഞതെന്നും തമാശ രൂപേണ ശിവന്‍ കുട്ടി പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഹാപ്പിയാണെന്നും എല്ലാ പ്രശ്നവും അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആര്യാ രാജേന്ദ്രന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളേക്കുറിച്ച് വന്ന വാര്‍ത്തകളേയും മന്ത്രി വിമര്‍ശിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ, ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ചകളേക്കുറിച്ച് താന്‍ പറയുന്നില്ല. പക്ഷെ, പുറത്തുവന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.























